പ്രളയം

പെട്ടെന്നാണ് ഞാൻ തിരിച്ചറിഞ്ഞത് എനിക്ക് ചുറ്റും വെള്ളം പൊങ്ങാൻ തുടങ്ങി എന്ന്. ആ തിരിച്ചറിവ് ഭയങ്കരമായിരുന്നു. ആകെ തളർന്നു പോയി. എന്ത് ചെയ്യണം എന്ന് അറിയില്ല. എന്തായാലും നീന്തുക തന്നെ. എട്ടും പൊട്ടും തിരിയാത്ത രണ്ടു കുരുന്നുകൾ കൂടെ ഉണ്ടല്ലോ. കിട്ടിയ കച്ചി തുരുമ്പിലെല്ലാം പിടിച്ചു നീന്തി. സഹായിക്കാൻ ആരും എത്തിയില്ല. 

 

പതിയെ ഞാൻ തിരിച്ചറിഞ്ഞു, ഞാൻ ഒരു ആലിലയിലാണ് എന്ന്. നീണ്ട പതിനഞ്ച് വർഷങ്ങൾ ഞാൻ ആ ആലിലയിൽ ഒഴുകിക്കൊണ്ടേയിരുന്നു. കാറ്റും കോളും ഒക്കെ വന്നു. പക്ഷെ ഞാൻ മുങ്ങിയില്ല. അവൻ എന്നെ മുങ്ങാൻ അനുവദിച്ചില്ല.

 

പ്രളയ ജലം ഒഴുകിപ്പോയി. ആലില പതിയെ കരക്കടിഞ്ഞു. അപ്പോൾ ഞാൻ ഓർത്തു, അവൻ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ---

“നിൻറെ ദുരിതങ്ങൾ നീ വിസ്മരിക്കും ,

ഒഴുകിപ്പോയ ജലം പോലെയേ നീ

അതിനെ ഓർക്കുകയുള്ളൂ.”